കെ.പി. യോഹന്നാനെതിരേ അന്വേഷണം
കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ച് മേധാവി ബിഷപ്പ് കെ.പി. യോഹന്നാന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കി.
വിദേശത്തുനിന്നും കോടിക്കണക്കിനു രൂപ എത്തിയതിനെക്കുറിച്ചും ഈ പണം എങ്ങനെ ചെലവഴിച്ചുവെന്നും വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്‌ച മുമ്പാണ് സംസ്‌ഥാന ആഭ്യന്തര വകുപ്പ് കേന്ദ്രത്തിനു കത്തയച്ചത്. ബിഷപ്പ് യോഹന്നാന്റെ സ്‌ഥാപനം റെയ്‌ഡ് ചെയ്‌തപ്പോള്‍ പിടിച്ചെടുത്തതുള്‍പ്പെടെ കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ സംബന്ധിച്ച രേഖകളും കേന്ദ്രത്തിനു കൈമാറിയിട്ടുണ്ട്. വിദേശത്തുനിന്നും സംഭാവനയെന്ന പേരില്‍ ബിഷപ്പ്‌യോഹന്നാന്‍ 1044 കോടി രൂപ സ്വീകരിച്ചിട്ടുണ്ടെന്നു സംസ്‌ഥാന ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന പേരിലാണ് പണം കൈപ്പറ്റിയത്. ഇതില്‍ 144 കോടി രൂപ മാത്രമേ ഈ ആവശ്യത്തിനായി ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് ഇന്റലിജന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞത്. ബാക്കി 900 കോടി രൂപ എങ്ങിനെ ചെലവഴിച്ചുവെന്നതു സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റേറ്റ് ഇന്റലിജന്‍സ് സംസ്‌ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍, വിദേശനാണയ വിനിമയച്ചട്ട പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ സംസ്‌ഥാന സര്‍ക്കാരിന് അധികാരമില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തുനല്‍കിയതെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ 'മംഗള'ത്തോട് പറഞ്ഞു.
ബിഷപ്പ് യോഹന്നാന്റെ മുഴുവന്‍ ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായും ആഭ്യന്തര മന്ത്രി അറിയിച്ചു.
ലോഡുചെയ്യുന്നു...