Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

കരിപ്പൂരില്‍ വ്യാജപാസ്‌പോര്‍ട്ടുകളും വിസകളുമായി യുവാവ്‌ അറസ്‌റ്റില്‍



കരിപ്പൂര്‍ വിമാനത്താവളം വഴി ഷാര്‍ജയിലേക്കു വ്യാജപാസ്‌പോര്‍ട്ടുകളും വിസയും രാജ്യാന്തര ലൈസന്‍സും കടത്താന്‍ ശ്രമിച്ച യുവാവ്‌ കസ്‌റ്റംസ്‌ പിടിയിലായി. കാസര്‍കോട്‌ കേറൂര്‍ ഉക്കംപേട്ടി പനാലം നിസാര്‍ (26) ആണു പിടിയിലായത്‌. ഇയാളുടെ ബാഗില്‍ നിന്നു 31 വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌, 15 രാജ്യാന്തര ലൈസന്‍സ്‌, 12 വ്യാജവിസ, കൃത്രിമ പാസ്‌പോര്‍ട്ടിന്റെ 10 ജാക്കറ്റ്‌ പേജ്‌ എന്നിവ കണ്ടെത്തി.

എമിഗ്രേഷന്‍ ഹാളിലെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്‌ കസ്‌റ്റംസ്‌ ഇന്റലിജന്‍സിനെ വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ കാസര്‍കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാജ പാസ്‌പോര്‍ട്ട്‌ നിര്‍മാണ ലോബിയില്‍ അംഗമാണെന്നു സംശയിക്കുന്നു.

ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കാണ്‌ ഇയാള്‍ ഷാര്‍ജയിലേക്കു പോകാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്‌. പുലര്‍ച്ചെ 4.50നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയിലേക്കു പോകാനായിരുന്നു ശ്രമം.

കറുത്ത കാര്‍ബണ്‍ പേപ്പര്‍ കൊണ്ടു പൊതിഞ്ഞ നിലയിലായിരുന്നു പാസ്‌പോര്‍ട്ട്‌, വിസ, ലൈസന്‍സ്‌ എന്നിവ. ഷാര്‍ജയിലുള്ള മൊയ്‌തീന്‍ എന്നയാള്‍ക്കു നല്‍കാനാണ്‌ കാസര്‍കോട്ടു നിന്ന്‌ ബാഗ്‌ ഇയാള്‍ക്കു നല്‍കിയത്‌. എന്നാല്‍ ബാഗില്‍ ഒളിപ്പിച്ച വിസയും പാസ്‌പോര്‍ട്ടും താന്‍ കണ്ടിട്ടില്ലെന്ന്‌ ഇയാള്‍ പറഞ്ഞു.

കേരളം, തമിഴ്‌നാട്‌, കര്‍ണാടക സംസ്‌ഥാനങ്ങളില്‍ നിന്ന്‌ എടുത്ത പാസ്‌പോര്‍ട്ട്‌ എന്ന വ്യാജേനയാണ്‌ ഇവ കടത്താന്‍ ശ്രമിച്ചത്‌. വിസകളില്‍ വ്യാജമുദ്രകളാണുള്ളത്‌. ഇയാളെ കൊണ്ടോട്ടി പോലീസിനു കൈമാറി. കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും


നിരാകരണവ്യവസ്ഥ